കൊച്ചി: ആലുവ സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിനിൻ്റെ മറിഞ്ഞ രണ്ടു വാഗണുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ചുനീക്കി. ചരിഞ്ഞ രണ്ടു വാഗണുകൾ ട്രാക്കിൽനിന്നു മാറ്റി. ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം.
ട്രാക്ക് മാറുന്നതിനിടെ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിൻ്റെ അവസാന ബോഗികളാണ് ആലുവ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുമ്പോള്‍ പാളം തെറ്റിയത്. ആളപായം ഇല്ല. ഇത് മൂലം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഇന്ന് രാത്രി ഏഴോടെയാണു ട്രാക്ക് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇരുദിശയിലും ഗതാഗതം പുനഃസ്ഥാപിച്ചത്.