തിരുവനന്തപുരം; സംസ്ഥാനത്ത് തീയറ്ററുകൾ ഭാഗികമായി അടച്ചിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം.
ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം നേരത്തെ തന്നെ നിലവിൽ വന്ന തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും ബാറുകൾക്കുംമ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹർജിക്കാർ പറയുന്നത്.