ഷാര്‍ജ: സാംസ്കാരിക വിപ്ലവത്തിലൂടെ രാജ്യത്തെ എങ്ങനെ ലോകത്തിന്റന്റെ നെറുകയിലെത്തിക്കാമെന്ന് ക്രിയാത്മകമായി കാണിച്ചുകൊടുത്ത സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്ഘവിക്ഷണമാണ് അറബ് നാഗരികതയുടെ ചുവടുവെപ്പുകൾക്ക് കാരണം. ശൈഖ് സുല്‍ത്താന്‍ ഷാര്‍ജയുടെ സാംസ്കാരിക സിംഹാസനത്തിലെത്തിയിട്ട് ഇന്ന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു.
1972 ജനുവരി 25ല്‍നിന്ന് 2022 ജനുവരിയിലേക്കുള്ള ഷാര്‍ജയുടെ ജൈത്രയാത്ര സാമ്ബത്തികമായും സാമൂഹികമായും സാംസ്കാരികമായും പുരോഗതികള്‍ കൈവരിച്ചുകൊണ്ടായിരുന്നു. കോണ്‍ക്രീറ്റ് വിപ്ലവം കൊണ്ട് മാത്രം രാജ്യം പുരോഗതി ആര്ജിക്കുകയില്ലായെന്നും വളര്‍ന്നുവരുന്ന തലമുറ അറിവും തിരിച്ചറിവും നേടണമെന്നും അതിനായി വിദ്യാലയങ്ങള്‍ ഉയര്ന്നുവരണമെന്നുമുള്ള ശൈഖ് സുല്‍ത്താന്റെ ചിന്താധാരയാണ് ഇന്ന് കാണുന്ന, ലോകത്തിെന്റ നെറുകയിലെത്തിയ ഷാര്‍ജ.
ഷാര്‍ജയുടെ പുരോഗതിയുടെ ഓരോ അതിരുകളിലും സസ്യലതാദികള്‍ വളര്‍ന്നു പന്തലിച്ചു. വിദ്യാഭ്യാസ പുരോഗതി ഷാര്‍ജ സര്‍വകലാശാലയായും അല്‍ ഖാസിമി യൂനിവേഴ്സിറ്റിയായും വളര്‍ന്നു. ഉപനഗരങ്ങളില്‍ ഇവയുടെ ബ്രാഞ്ചുകള്‍ ഉയര്‍ന്നുവന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുന്നത് ഷാര്ജയിലാകാന് പ്രധാന കാരണം സ്ത്രീവിദ്യാഭ്യാസത്തിന് സുല്‍ത്താന്‍ കൊടുത്ത പ്രഥമ പരിഗണനയാണ്. ഭരണത്തിലെത്തിയ പത്താം വര്‍ഷികത്തില്‍, 1982ലാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ശൈഖ് സുല്‍ത്താന്‍ തുടക്കം കുറിച്ചത്.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാര്‍ജയിലേത്. യുനെസ്കോ ലോകപുസ്തക തലസ്ഥാനമായി ഷാര്‍ജയെ അംഗീകരിച്ചതും ആദരിച്ചതും ഈ സാംസ്കാരിക വെളിച്ചം കണ്ടായിരുന്നു. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും ഇത്രയധികം പിന്തുണ ലഭിക്കുന്ന വേറെ ഏത് പ്രദേശമുണ്ട്. കവിതയും സംഗീതവും പൂത്തുലയുന്ന നിരവധി പ്രദേശങ്ങള്‍ ഷാര്‍ജയിലുണ്ട്. ഇവിടങ്ങളിലൂടെ സഞ്ചരിച്ചാല്‍ വായനശാലകള്‍ മാടിവിളിക്കും. വീടകങ്ങള്‍ വായനശാലകളാക്കി വളര്‍ത്തിയെടുക്കാനുള്ള ശൈഖ് സുല്‍ത്താെന്റ നിര്‍ദേശം ലോകം കൊതിയോടെയാണ് കാതോര്‍ത്തത്. കുട്ടികളിലെ നൈസര്‍ഗിക വാസന വളര്‍ത്തിയെടുക്കാനും തിന്മയുടെ പാതകളിലേക്ക് അവര്‍ ഇറങ്ങാതിരിക്കാനുമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനോത്സവം നാളെയുടെ ശുഭപ്രതീക്ഷയാണ്.യൂനിയന്റെ തൂണുകളില്‍ ഒരാളാണ് സുല്‍ത്താന്‍. ഭരണനേതൃത്വത്തില്‍ അദ്ദേഹം 50 വര്‍ഷം പിന്നിടുന്നു.