ജിദ്ദ: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയും സ്വമേധയാ സൗജന്യമായി പുതുക്കുന്ന ആനുകൂല്യം അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രം. എന്നാല്‍, ഇനിയും പുതുക്കല്‍ കാത്ത് നിരവധി പ്രവാസികള്‍ നാട്ടിലുണ്ട്. സൗദി-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതുകൊണ്ട് ഇനിയും സ്വമേധയാ പുതുക്കലിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനുള്ള വിമാന വിലക്ക് സൗദി പിന്‍വലിച്ച ശേഷവും ഒരു തവണ കൂടി പുതുക്കി നല്‍കിയാണ് ജനുവരി 31 വരെ എത്തിയത്. അതിനാല്‍തന്നെ ജനുവരി 31നു ശേഷം വീണ്ടും കാലാവധി പുതുക്കിനല്‍കാനുള്ള സാധ്യതയില്ല. ഇനിയും പുതുക്കി ലഭിക്കാത്തവര്‍ ജനുവരി 31നു മുമ്ബായി പുതുക്കി ലഭിച്ചില്ലെങ്കില്‍ സ്പോണ്സറുമായി ബന്ധപ്പെട്ട് ഇതു സംബന്ധിച്ചുള്ള കാരണങ്ങള്‍ അന്വേഷിക്കുകയും പുതുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
സല്മാന് രാജാവിൻറെ നിര്‍ദേശാനുസരണം ജനറല്‍ ജവാസാത്ത് ഡയറക്ടറേറ്റ് പ്രഖ്യാപിച്ച ഇഖാമയും റീ എന്‍ട്രി എക്സിറ്റ് വിസകളും ഓട്ടോമാറ്റിക്കായി പുതുക്കുന്ന ആനുകൂല്യം ജനുവരി 31ന് അവസാനിക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിമാന യാത്ര വിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് സൗജന്യ സേവനം ലഭിച്ചിരുന്നത്. ഇത് ഇന്ത്യക്കാരായ നിരവധിപേര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.