ഇന്ത്യൻ ചരിത്രത്തിൽ എഴുതി ചേർക്കപ്പെടേണ്ട അധ്യായമാണ് കർഷക സമരം. കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഒരു അജണ്ടയും കർഷകരുടെ അടുത്ത് വിലപ്പോയില്ല. ഒടുവിൽ മുട്ടുമടക്കി കേന്ദ്രം കളമൊഴിഞ്ഞെങ്കിലും കർഷകർ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. ആ പോരാട്ടത്തിന്റെ കഥ പറയുകയാണ് സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി.ടി ജോൺ….
വിവാദ കാർഷിക നിയമം പിൻവലിച്ചതോടെ സമരം അവസാനിപ്പിച്ച് കർഷകർ മടങ്ങി. യഥാർത്ഥത്തിൽ പോരാട്ടം അവസാനിച്ചോ?
കർഷകർ തങ്ങളുടെ പോരാട്ടം തുടരുകയാണ്. കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സമരം നടത്തി വന്നിരുന്ന ഡൽഹി അതിർത്തികളിൽ നിന്നും മടങ്ങി എന്നതൊഴിച്ചാൽ സമരം ഇപ്പോഴും തുടരുകയാണ്. സമരം തുടരേണ്ടതിന്റെ ആവശ്യകത എന്ന് പറയുന്നത് ബിജെപിയുടെ നയങ്ങളും നടപടികളും വിശ്വസിക്കാനാവില്ല എന്നതാണ്. പൂർണമായും വിശ്വസിച്ചല്ല അവിടെ നിന്നും മടങ്ങിയത്. ജനുവരി 15 ന് മുൻപ് താങ്ങുവില നിയമങ്ങളുണ്ടാക്കാനുള്ള കമ്മറ്റി രുപീകരിക്കും എന്ന് കരാറിൽ പറഞ്ഞിരുന്നു. എന്നാൽ ആ ദിവസം കഴിഞ്ഞു. ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കുന്ന അവസരത്തിൽ പോരാടുകയല്ലാതെ ഞങ്ങൾ പിന്നെ എന്ത് ചെയ്യും. സമര രീതിയും സ്ഥലവും മാറിയേക്കാം. പക്ഷെ പോരാട്ടം അവസാനിക്കുന്നില്ല. നിലവിൽ പിൻവലിച്ച കാർഷിക നിയമങ്ങൾ അവർ കൊണ്ടുവരില്ലെന്നും വിശ്വസിക്കാൻ വയ്യ.
താങ്കളുടെ ഈ ആശങ്ക ശരിവെക്കുന്നതാണല്ലോ കേന്ദ്ര കൃഷിമന്ത്രി തന്നെ കർഷക നിയമം വീണ്ടും കൊണ്ട് വരുമെന്ന് നടത്തിയ പ്രസ്താവന. ഇത് നിലവിലെ സാഹചര്യത്തിൽ കേന്ദ്രം പുറത്തിറക്കിയ ഒരു തന്ത്രം മാത്രമാണോ?
നാഗ്പൂരിൽ ഡിസംബർ 25 ന് നടത്തിയ പ്രസംഗത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞത് നിയമം വീണ്ടും കൊണ്ടുവരും എന്ന് തന്നെയാണ്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ലെന്ന് പറഞ്ഞ മന്ത്രി, ഇപ്പോൾ പിന്നോട്ടുവെച്ച ചുവട് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും മുന്നോട്ട് വെക്കുമെന്നാണ് പറഞ്ഞത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയാണ് അവരുടെ നടപടികൾ. അത്തരം ഒരു സാഹചര്യം വീണ്ടും ഉണ്ടായാൽ കർഷകരുടെ ശക്തമായ പ്രതിഷേധത്തിന് ഒരിക്കൽ കൂടി രാജ്യം സാക്ഷിയാകും.
അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ കർഷകരുടെ സജീവമായ ഇടപെടൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എങ്ങനെയൊക്കെയാണ് പ്രവർത്തനങ്ങൾ?
ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ കർഷകരുടെ പോരാട്ടം തുടരുകയാണ്. നിലവിൽ രാജ്യത്ത് ഏറ്റവും വലിയ ശ്രദ്ധ കേന്ദ്രം തെരഞ്ഞെടുപ്പാണ്. കർഷകരുടെ ഏറ്റവും വലിയ ശത്രു രാജ്യം ഭരിക്കുന്ന കോർപറേറ്റ് ആഭിമുഖ്യമുള്ള ബിജെപി സർക്കാരാണ്. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാൻ കിട്ടുന്ന ഈ അവസരം ഞങ്ങൾ ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ യുപിയിലാണ്. ബിജെപിയെ തോൽപ്പിക്കുക തന്നെയാണ് ലക്ഷ്യം. ബിജെപിക്ക് നിർണായക സ്വാധീനമുള്ള വെസ്റ്റേൺ യുപിയിൽ ജാട്ടുകളെയും മുസ്ലിങ്ങളെയും തമ്മിൽ തല്ലിച്ച് കൊണ്ട് വോട്ടുകൾ പിടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ ആ നീക്കത്തെ പൊളിക്കാൻ കർഷകർക്ക് സാധിച്ചു. ന്യൂനപക്ഷ – ദലിത് – ആദിവാസി പിന്നോക്ക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ബിജെപിയുടെ ബ്രാഹ്മണിക്കൽ ആധിപത്യത്തിനെതിരെ പോരാട്ടം നടത്താനാണ് കർഷകർ ശ്രമിക്കുന്നത്.
നിലവിൽ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ബിജെപി തോൽക്കും. കർഷകരുടെ സജീവമായ ഇടപെടൽ ഇവിടെ ഉണ്ട്. ബിജെപി തോൽക്കുമെന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാവുന്ന ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അത്രയേറെ ബിജെപിയെയും സംഘ്പരിവാറിനെയും ജനങ്ങൾക്ക് മടുത്തിട്ടുണ്ട്.
കർഷക സമരത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ളവർ പങ്കെടുത്തെങ്കിലും സമരത്തിന്റെ മുഖം എന്ന് പറയാവുന്നത് പഞ്ചാബികളാണല്ലോ. എന്താണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ?
പഞ്ചാബിലെ കാര്യമാണെങ്കിൽ, കർഷകർക്ക് ഏറെ സ്വാധീനമുള്ള ഇടമാണിത്. ബിജെപിക്ക് രണ്ട് സീറ്റ് പോലും കിട്ടില്ല. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് കെട്ടിവെച്ച പണം പോലും ലഭിക്കില്ല. ഇവിടെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംയുക്ത ജനത മോർച്ച എന്ന ഒരു ഗ്രൂപ്പിന് രൂപം കൊടുത്തിട്ടുണ്ട്. 22 കർഷക സംഘടനകൾ ഇതിനോടൊപ്പമുണ്ട്. ഇതിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാനാർത്ഥികളെ നിർത്തി വിവിധ ഇടങ്ങളിൽ മത്സരിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി, അകാലിദൾ എന്നിവരുടെ പിന്തുണയും ഇവർക്കുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഒന്നുങ്കിൽ കോൺഗ്രസ് ഭരണം വരും. അല്ലെങ്കിൽ ആം ആദ്മിയെ അകാലിദളോ കർഷകരുമായി ചേർന്നുള്ള സർക്കാർ വരും. ആര് വന്നാലും ബിജെപി വരില്ല.
കർഷകർക്ക് വലിയ സ്വാധീനം ഇല്ലാത്ത സംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും പ്രവർത്തനങ്ങൾ ഉണ്ടോ?
ഇരു സംസ്ഥാങ്ങളിലും കർഷകർക്ക് സ്വാധീനം കുറവാണ് എന്നത് സത്യമാണ്. എങ്കിലും ഗോവയിൽ ഇടപെടൽ നടക്കുന്നുണ്ട്. ഇവിടെ ട്രേഡ് യൂണിയനുകളെ സംഘടിപ്പിച്ച് ബിജെപിക്കെതിരെ കാമ്പയിനുകൾ നടക്കുന്നുണ്ട്. ഗോവയിൽ നല്ലൊരു ശതമാനം പേരും ക്രിസ്തീയ വിശ്വാസികളാണ്. യഥാർത്ഥത്തിൽ ക്രിസ്തീയ സഭാ നേതൃത്വം സംഘ്പരിവാറിനെതിരെ ഒരു നിലപാട് സ്വീകരിച്ചാൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാം. എന്നാൽ നിർഭാഗ്യവശാൽ ക്രിസ്ത്യൻ നേതൃത്വം നേരിട്ട് ബിജെപിയെ എതിർക്കുന്നില്ല. അതിനാൽ ഞങ്ങൾ മറ്റൊരു രീതിയാണ് അവിടെ തുടരാൻ ആഗ്രഹിക്കുന്നത്. ബിജെപി ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി മരണപ്പെട്ട ഫാദർ സ്റ്റാൻസാമിയെ ഉയർത്തി കാണിച്ച് ക്യാമ്പയിൻ നടത്താനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന അദ്ദേഹത്തെ ഗോവൻ ജനതക്ക് മുൻപിൽ ഓർമിപ്പിക്കുകയാണ് ലക്ഷ്യം.
മണിപ്പൂരിലെ സ്ഥിതി വ്യത്യസ്‍തമാണ്. അവിടം നമ്മുടെ ആക്സിസിന് അകത്ത് ഉള്ള ഒരു സ്ഥലമല്ല. അവിടുത്തെ രാഷ്ട്രീയവും മറ്റും വ്യത്യസ്തമാണ്. നോർത്ത് ഈസ്റ്റ് ബെൽറ്റിനെ കുറിച്ച് തൽക്കാലം കൂടുതൽ ഒന്നും പറയുന്നില്ല.
തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് അവസാനമായി പറയാൻ ഉള്ളത്, ബിജെപിക്ക് ഏറ്റവും മോശം റിസൽറ്റ് ആയിരിക്കും വരാൻ ഉള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കർഷകരുടെ നേരെ വരാൻ ഉള്ള ത്രാണി ബിജെപിക്ക് ബാക്കിയുണ്ടാവില്ല. ബിജെപിയുടെ ഐക്കൺ ആയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദിയെ നടുറോഡിൽ 20 മിനുട്ട് നേരം നിർത്തിയിട്ട്, അവിടെ നിന്ന് മടങ്ങി പോകേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ തിരിച്ചു പോക്കിന്റെ തുടക്കമായി കാണാനാണ് എനിക്ക് ഇഷ്ടം. അതിന്റെ തുടർച്ചയാണ് തെരഞ്ഞെടുപ്പ് ഫലം.
കർഷക സമരത്തിനിടെ ഏകദേശം 719 പേർ മരിച്ചെന്നാണ് കണക്കുകൾ. ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നടപടികൾ ഏതുവരെയായി?
സമരത്തിനിടെ വീരമൃത്യു വരിച്ചവരാണ് ഈ 719 കർഷകർ. ഇവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അതാത് സംസ്ഥാനങ്ങൾ നൽകണമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പഞ്ചാബ് സർക്കാർ മാത്രമാണ് വാക്കുപാലിച്ചത്. യുപി, ഹരിയാന സർക്കാരുകൾ പണം നൽകാൻ ഇനിയും തയ്യാറായിട്ടില്ല.
കേരളത്തിൽ നടന്ന സമരപരിപാടികൾക്കെതിരെ സംസ്ഥാന സർക്കാർ നടപടികൾ എടുത്തിരുന്നു. എന്താണ് ഈ കേസുകളുടെ നില?
പിണറായി വിജയൻ ഭരിക്കുന്ന സംസ്ഥാന സർക്കാർ 61 കേസുകളാണ് കർഷക സമരത്തിനെതിരെ എടുത്തിട്ടുള്ളത്. കെ. അജിത, പി.ടി ഹരിദാസ്, എൻ. ബാദുഷ തുടങ്ങി നിരവധി പേർ കേസുകളുടെ പേരിൽ കോടതി കയറി ഇറങ്ങുകയാണ്. എനിക്കെതിരെയും ഏഴ് കേസുകൾ ഉണ്ട്. എല്ലാ കേസുകളും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന പേരിലാണ്. പക്ഷെ ഓരോ സമരവും പോലീസ് അനുമതിയോടെയും 20 പേരിൽ കൂടാതെയുമാണ് നടത്തിയിരുന്നത്. എന്നിട്ടും കേസെടുത്തു. യുപിയിലെയും ഡൽഹിയിലെയും ഹരിയാനയിലെയുമുൾപ്പെടെയുള്ള കേസുകൾ, സമരം പിൻവലിക്കാനുണ്ടാക്കിയ ഉടമ്പടി പ്രകാരം, പിൻവലിക്കാനുള്ള നടപടികൾ നടക്കുന്നു. എന്നാൽ കേരളത്തിലിപ്പോഴും കേസുകൾ നടക്കുന്നു. ഇപ്പോഴത്തെ പാർട്ടി സമ്മേളങ്ങളും ഈ കേസുകളും തമ്മിൽ ഒരു താരതമ്യം ആകാവുന്നതാണ്.
കേരളത്തിന്റെ കാര്യം പറയുമ്പോൾ സിൽവർ ലൈനിനെ കുറിച്ച് കൂടി പറയാമെന്ന് തോന്നുന്നു. നിരവധി കൃഷി ഭൂമി ഉൾപ്പെടെ തകർക്കുന്ന പദ്ധതിക്കെതിരെ എന്താണ് നിലപാട്?
സിൽവർ ലൈൻ വേണ്ട എന്ന് തന്നെയാണ് നിലപാട്. കേരളത്തെ ആകെ തകർക്കുന്ന, പശ്ചിമഘട്ടത്തെ തകർക്കുന്ന ഈ പദ്ധതി വേണ്ട. ഈ സർക്കാർ എന്നല്ല ഏത് സർക്കാർ വന്നാലും കേരളത്തിൽ സിൽവർ ലൈൻ സാധ്യമല്ല. മനുഷ്യരെ അടിച്ചിറക്കിയല്ല ഒരു പദ്ധതിയും നടത്തേണ്ടത്. വിഴിഞ്ഞം പോർട്ടിന്റെ പേരിൽ അഭയാർഥികളായ നിരവധിപേർ തിരുവനന്തപുരത്തുണ്ട്. അതുപോലും പരിഹരിക്കാതെയാണ് കൂടുതൽ വ്യാപ്തിയുള്ള ഒരു പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നത്. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയാൽ കർഷക സമര മാതൃകയിലുള്ള സമരം ഇവിടെയും ഉണ്ടാകും. ഒന്നല്ല, പത്ത് പിണറായിമാർ നിരന്ന് നിന്നാലും ഈ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യും.
നഷ്ടപരിഹാരം ലഭിച്ചാൽ ആളുകൾ പിന്മാറുന്ന സ്ഥിതി വിശേഷമുണ്ടാകില്ലേ. ഇത് സമരത്തെ പൊളിക്കില്ലേ? ആറുവരിപ്പാതയുടെ കാര്യത്തിൽ, മികച്ച നഷ്ടപരിഹാരം ലഭിച്ചപ്പോൾ എല്ലാവരും സമരത്തിൽ നിന്ന് പിന്മാറി. ഇത് തന്നെയാകില്ലേ സംഭവിക്കുക?
സിൽവർ ലൈൻ ആറ് വരിപ്പാതയിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. സിൽവർ ലൈൻ ഉയർത്തുന്നത് കേരളം വേണോ വേണ്ടയോ എന്ന ചോദ്യമാണ്. ഇത് കേവലം ഒരു തീവണ്ടി പാതയല്ല. ഈ നാട് നിലനിൽക്കണോ, ഈ മണ്ണ് നിലനിൽക്കണോ, പശ്ചിമഘട്ടം നിലനിൽക്കണോ, ഈ തീരം നിലനിൽക്കണോ, മനുഷ്യരുടെ ജീവിതം നിലനിൽക്കണോ തുടങ്ങി ഈ സംസ്ഥാനം തന്നെ നിലനിൽക്കണോ എന്ന ചോദ്യമാണ് സിൽവർ ലൈൻ ഉയർത്തുന്നത്. ഇതിനെല്ലാമുള്ള മറുപടിയായി സിൽവർ ലൈൻ വേണ്ട എന്ന മറുപടിയാണ് പറയാനുള്ളത്. മോദി കർഷകർക്ക് മുൻപിൽ മുട്ടുമടക്കിയത് പോലെ പിണറായിയും ജനങ്ങൾക്ക് മുൻപിൽ മുട്ടുമടക്കും. കർഷക സമരം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്, ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ഏത് ആവശ്യവും നേടിയെടുക്കാമെന്നത്. അത് തന്നെയാണ് കർഷക സമരത്തിലും നടക്കാൻ പോകുന്നത്.
തിരിച്ച് കർഷക സമരത്തിലേക്ക് തന്നെ വന്നാൽ, വയനാട്ടിൽ കർഷക സമരത്തിന്റെ ഓർമ്മകൾക്ക് വേദിയൊരുങ്ങുന്നു എന്ന് കേട്ടു. മ്യൂസിയം ആണോ വരുന്നത്?
ഐതിഹാസികമായ കർഷക സമരം ഇന്ത്യൻ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർക്കേണ്ട ഒന്നാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും മനുഷ്യത്വത്തിന്റെയും സമരം കൂടിയായിരുന്നു കർഷക സമരം. സ്വാതന്ത്ര്യ ഇന്ത്യ ഇങ്ങനെ ഒരു സമരം കണ്ടിട്ടില്ല. അതിനാൽ തന്നെ അത്തരമൊരു സമരത്തിന്റെ ഓർമകൾക്ക് വേണ്ടി ഒരു ചരിത്ര മ്യൂസിയം ഒരുക്കനാനാണ് ലക്ഷ്യമിടുന്നത്. സമരത്തിനിടെ മരിച്ച കർഷകരോടുള്ള ആദരവ് കൂടിയാണ് ഈ മ്യൂസിയം. വയനാട് പൊഴുതനയിലാണ് മ്യൂസിയം ഒരുക്കുന്നത്. ഇത്തരം ഒരു സംരംഭത്തിന് സർക്കാർ മുൻകൈ എടുക്കില്ല എന്നതിനാലാണ് ഞങ്ങൾ തന്നെ മുന്നിട്ടിറങ്ങുന്നത്. സമരം ആരംഭിച്ച നവംബർ 26 ന് ഉള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അവസാനിപ്പിക്കുന്നതിന് മുൻപ് താങ്കൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?
ജന വിരുദ്ധരായ ബിജെപിയെ തോൽപ്പിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് യുപിയിൽ ഉൾപ്പടെ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്നത്. ബിജെപിയെ, സംഘപരിവാറിനെ തോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമായാണ്. ഇത് മനസിലാക്കി, കർഷകർക്കൊപ്പം നിൽക്കാൻ സാധിക്കുന്നവർ ഞങ്ങൾക്കൊപ്പം യുപിയിൽ എത്തണം. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞങ്ങളോടൊപ്പം നിൽക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പോരാട്ടത്തിൽ കൂടെ ചേരുക.