ടൊറന്റോ: യു.എസ് -കാനഡ അതിര്‍ത്തിയിൽ ഇന്ത്യയിലെ നാലംഗ കുടുംബം കടുംശൈത്യത്തിൽപെട്ട് മരിച്ചതായി റിപ്പോര്‍ട്ട്. കൈക്കുഞ്ഞടക്കം നാലു പേർ മരിച്ചെന്നും ഇവര്‍ ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നതായും മാനിടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർ.സി.എം.പി) അറിയിച്ചു. മനുഷ്യക്കടത്തിനിടെയാണ് മരണം സംഭവിച്ചത്. രണ്ട് മുതിര്‍ന്നവരുടെയും ഒരു കൗമാരക്കാരന്റെയും ഒരു കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കാനഡ അതിര്‍ത്തിയിലെ എമേഴ്സൺ ഭാഗത്ത് ബുധനാഴ്ചയാണ് കണ്ടത്.
വ്യാഴാഴ്ച വാര്‍ത്തസമ്മേളനത്തിലാണ് ആർ.സി.എം.പി അസി. കമീഷണര്‍ ജെയ്ൻ മക്‍ലാഷി ദുരന്തവിവരം വെളിപ്പെടുത്തിയത്. ‘കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന ഹൃദയഭേദകമായ സംഭവമാണ് നടന്നത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഹിമപാതത്തിൽപെട്ടാണ് ഇവർ മരിച്ചതെന്നാണ് കരുതുന്നത്. യു.എസിലേയ്ക്ക് കടക്കാൻ ശ്രമിച്ചവരാണെന്ന് കരുതുന്നു. അതിര്‍ത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. നീണ്ടു കിടക്കുന്ന പാടങ്ങളിൽ വലിയ ഹിമപാതം ഉണ്ടായതും രാത്രിയിലെ ഇരുട്ടുമാണ് അപകട കാരണം. കുടുംബത്തെ ഇരകള്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. നുഴഞ്ഞുകയറാൻ സഹായം കിട്ടിയെന്നും വഴിയിൽ വെച്ച് കുടുംബം ഒറ്റപ്പെട്ടെന്നുമാണ് കരുതുന്നത്. മരിച്ചവരെ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്”-പൊലീസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഫ്ലോറിഡ സ്വദേശി സ്റ്റീവ് ഷാൻഡ് (47) അറസ്റ്റിലായതായി മിനിസോടയിലെ യു.എസ് അറ്റോർണി ഓഫിസ് അറിയിച്ചു. ഇയാള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. രേഖകളില്ലാതെ രണ്ട് ഇന്ത്യക്കാരോടൊപ്പമാണ് പിടിയിലായത്. അറസ്റ്റിനു പിറകെ അഞ്ച് ഇന്ത്യക്കാരെക്കൂടി പൊലീസ് കണ്ടെത്തി. 11 മണിക്കൂറായി തങ്ങള്‍ നടക്കുകയാണെന്നും യു.എസ് അതിര്‍ത്തി പിന്നിടുമ്പോള്‍ ഒരാള്‍ ബന്ധപ്പെടുമെന്ന് അറിയിച്ചതായും ഇവര്‍ വെളിപ്പെടുത്തി. നാലംഗ കുടുംബത്തെ യാത്രയ്ക്കിടെ കാണാതായെന്ന് ഇവർ പറഞ്ഞു. 11 അംഗങ്ങൾ ഉൾപ്പെടുന്ന ഇവര്‍ യു.എസിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
യു.എസ് കസ്റ്റംസ് ആൻഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ ബുധനാഴ്ച രാവിലെയാണ് മാനിട്ടോബ ആർ.സി.എം.പിയെ വിവരമറിയിച്ചത്. അതിര്‍ത്തി കടന്നെത്തിയ ഒരാളുടെ കൈയിൽ കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പര്‍ അടക്കമുള്ള സാധനങ്ങള്‍ ഉണ്ടെന്നും എന്നാൽ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കസ്റ്റംസ് അറിയിച്ചു. തുടര്‍ന്നാണ് തിരച്ചിൽ തുടങ്ങിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും.