ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റി. ഇന്റര്‍ഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണ, അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു.
വൈകിട്ട് മൂന്നര മണിയോടെ തുടങ്ങിയ ചടങ്ങിൽ അമർ ജവാൻ ജ്യോതിയിൽ നിന്ന് ടോർച്ച് ലൈറ്റിലേക്ക് അഗ്നി പകർന്നു. അവിടെ നിന്ന് യുദ്ധസ്മാരകത്തിലേക്ക് മാർച്ചായി ഈ ടോർച്ച് ലൈറ്റ് കൊണ്ടുവന്നു. ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ ജ്വാല ദേശീയയുദ്ധസ്മാരകത്തിലെ കെടാവിളക്കിനോട് ചേർത്തു. അങ്ങനെ, അമർ ജവാൻ ജ്യോതിയെന്ന അഭിമാനസ്തംഭത്തിലെ തീ പൂർണമായും അണഞ്ഞു.
അമർ ജവാൻ ജ്യോതി എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണെങ്കിലും അവരുടെ എല്ലാവരുടെയും പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലാണ് എന്നതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണാര്‍ഥമുള്ള ജ്വാലകള്‍ ഒന്നിച്ചാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇരുജ്വാലകളും ഒന്നാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ചരിത്രത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യ ഗേറ്റിന് സമീപം മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. അമർജവാൻ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ എതിർപ്പ് അവഗണിച്ചാണ് ചടങ്ങുകൾ നടത്തിയത്.
1971 ലെ പാകിസ്താൻ യുദ്ധവിജയത്തിന് ശേഷം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമയ്ക്കയായിട്ടാണ് അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ പോരാട്ട ജയത്തിന് ശേഷം 1972 ജനുവരി 26 ന് അമർജവാൻ ജ്യോതിയിൽ ദീപനാളം കൊളുത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് മുതൽ ഇന്ന് വൈകുന്നേരം വരെ കെട്ടുപോകാതെ രാജ്യം കാത്തു സൂക്ഷിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ സമർപ്പിച്ചു പോരാടിയ ധീര ജവാന്മാരുടെ ഓർമയ്ക്കായി 1931 ഇൽ പൂർത്തിയാക്കിയ ഇന്ത്യ ഗേറ്റിന്റെ കീഴിലാണ് , കുത്തി നിർത്തിയ തോക്കിനേയും മുകളിലെ തൊപ്പിയെയും സാക്ഷിയാക്കി ജ്യോതി രാപകൽ ഭേദം തെളിഞ്ഞു നിന്നത്. മൂന്ന് സേനകൾക്കും കൂടിയായിരുന്നു സംരക്ഷണ ചുമതല.
















