ധനുഷ്–ഐശ്വര്യ രജനികാന്ത് വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി ധനുഷിൻ്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ. ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് കസ്തൂരി രാജ പറയുന്നു. തമിഴിലെ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമര്‍ശം. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണെന്നും കസ്തൂരിരാജ പറയുന്നു.
‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’–കസ്തൂരിരാജ പറഞ്ഞു.
സിനിമ പ്രേമികളെ ഞെട്ടിച്ച ഒരു വിവാഹമോചന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത ധനുഷ് തന്നെയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈ വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്.
നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമായിരുന്നു ഇരുവരുടെയും പിരിയല്‍. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്. 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയുടെയും ധനുഷിൻ്റെയും വിവാഹം. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.
സഹോദരന് സെല്വരാഘവന് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ഐശ്വര്യയുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പിന്നീട് ധനുഷ് പറഞ്ഞിട്ടുണ്ട്. ആറു മാസത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹതിരാവുകയായിരുന്നു. പിന്നണി ഗായിക കൂടിയായ ഐശ്വര്യ, ധനുഷും ശ്രുതി ഹാസനും അഭിനയിച്ച ‘3’ എന്ന ചിത്രത്തിന്റെ സംവിധായിക കൂടിയാണ്.