ജിദ്ദ: സൗദി അറേബ്യയയിൽ അതി ശൈത്യം. വടക്കൻ മേഖലയായ തുറൈഫിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് ആറ് ഡിഗ്രിക്കും താഴെ ആയിരിന്നു. ഈ വർഷം ശീതകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അൽ ഖുറയാത്തിൽ മൈനസ് അഞ്ചും അറാറിൽ മൈനസ് നാലും ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പല പ്രദേശങ്ങളിലും താപനില കുറയുന്നത് ഇപ്പോഴും തുടരുകയാണ്. തബൂക്ക് മേഖലയിലെ അൽലൗസ്, അൽഖാൻ എന്നീ ഉയർന്ന സ്ഥലങ്ങളിൽ മഞ്ഞ് വീഴ്ച തുടരാൻ സാധ്യത ഉണ്ട്.
ആഴ്ചാവസാനം വരെ രാജ്യത്തെ പല പ്രദേശങ്ങളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. മൂടൽമഞ്ഞിനും കാഴ്ച തടയുന്ന പൊടി ഉയർത്തുന്ന കാറ്റിനും സാധ്യത ഉണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.