ധനുഷ്–ഐശ്വര്യ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. തൻ്റെ ട്വിറ്റര്‍ അക്കൗണ്ടിൻ്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന് രജനീകാന്തിനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും പഴയകാല ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്.
തൻ്റെ മക്കളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനിയെ ഫോട്ടോയിൽ കാണാം. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല സൗന്ദര്യ. എന്നാല്‍ ജീവിതത്തിലെ പ്രയാസമേറിയ ഈ ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.
#NewProfilePic pic.twitter.com/0SnIQYvkkg
— soundarya rajnikanth (@soundaryaarajni) January 17, 2022
നിരവധി പേരാണ് സൗന്ദര്യയുടെ ഫോട്ടോയ്ക്ക് കമന്റുകളില്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. അച്ഛൻ്റെ പെണ്മക്കള് എന്നാണ് ഫോട്ടോയ്ക്ക് മിക്ക കമന്റുകളും. “സുഹൃത്തുക്കളായും പങ്കാളികളായും 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്.
ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ” എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ ധനുഷും ഐശ്വര്യയും പറഞ്ഞിരുന്നത്.
നടൻ രജനികാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തില്‍ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ല്‍ പാടിയെങ്കിലും റിലീസ് ചെയ്യപ്പെട്ടില്ല. 2003ല്‍ പുറത്തിറങ്ങിയ ‘വിസില്‍’ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ല്‍ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.