ജിദ്ദ: സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി മേഖലയിലെ തുറൈഫില്‍ കനത്ത മഞ്ഞുവീഴ്ച രൂപപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മഞ്ഞ് വീഴ്ച്ചയുണ്ടായത്.തുറൈഫിലെ പല ഭാഗങ്ങളും മഞ്ഞിന്‍റെ വെള്ള പുതച്ചിരിക്കുകയാണ്. താപനില കുറഞ്ഞ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ്. മഞ്ഞ് വീഴ്ച കണ്ട് ആസ്വദിക്കാന്‍ നിരവധി ആളുകളാണ് പുറത്തിറങ്ങിയത്. തുറൈഫില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്.
തബൂക്കിന്‍റെ ചില ഭാഗങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.വടക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി തബൂക്ക് മേഖല കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ ഫര്‍ഹാന്‍ അല്‍അന്‍സി പറഞ്ഞു.മിക്ക വടക്കന്‍, വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തും.
വടക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ പരമാവധി താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയെത്താം. പല പ്രദേശങ്ങളിലും താപനിലയില്‍ വ്യക്തമായ കുറവ് വന്നതിനാല്‍ ഈ ആഴ്ച അവസാനം വരെ മഞ്ഞ് വീഴ്ച തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകന്‍ അഖില്‍ അല്‍അഖീല്‍ പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് അദ്ദേഹത്തിൻറെ മുന്നറിയിപ്പ്.
സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി, തബൂക്ക് മേഖലയിലെ ഉയരം കൂടിയ സ്ഥലങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലും തബൂക്ക് മേഖലയുടെ തെക്കന്‍ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ വിഭാഗം പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച വടക്കന്‍ ഭാഗങ്ങളിലും ഹാഇല്‍ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരാനുള്ള സാധ്യതയുണ്ട്.