ഹെൽസിങ്കി : എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചെന്നായകളെ കൊല്ലാൻ തുടങ്ങി ഫിൻലൻഡ്, നോർവെ, സ്വീഡൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. സമീപകാലത്ത് ചെന്നായകളുടെ എണ്ണം ഗണ്യമായി കൂടിയത് നിയന്ത്രിക്കാനാണ് നടപടി സ്വീകരിക്കുന്നത്. സ്വീഡനിൽ ഇതുവരെ 27 ചെന്നായകളെ വെടിവച്ച് കൊന്നു. 20 ചെന്നായകളെ കൊല്ലാനുള്ള അനുമതി നൽകാൻ ഒരുങ്ങുകയാണ് ഫിൻലൻഡ്.സ്വീഡനിൽ കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ ചെന്നായകളുടെ എണ്ണം 395 ആയിരുന്നത് ഇപ്പോൾ 300 ലേക്ക് ചുരുങ്ങിയതായി പരിസ്ഥിതി സംഘടനകൾ വ്യക്തമാക്കുന്നു.
ചെന്നായകളുടെ എണ്ണം 300ന് താഴേക്ക് കുറയ്ക്കില്ലെന്ന് സ്വീഡൻ യൂറോപ്യൻ യൂണിയനെ അറിയിച്ചിരുന്നു.അതേ സമയം, നോർവേയിൽ ഈ ശൈത്യകാലത്തിന്റെ അവസാനത്തോടെ 60 ശതമാനത്തോളം ( 51 എണ്ണം ) ചെന്നായകളെ കൊല്ലാനാണ് തീരുമാനം. നോർവെയിൽ 5 ശതമാനം പ്രദേശം ചെന്നായ സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ നിന്നും 25 ചെന്നായകളെ കൊല്ലുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.