അമ്മ സംഘടനക്കെതിരെ നടി പത്മപ്രിയ. നടിയെ ആക്രമിച്ച കേസില്‍ അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്നത് വെറുതെയെന്ന് പത്മപ്രിയ. ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.
സിനിമാ മേഘലയിൽ ഫലപ്രദമായ മാറ്റം വേണമെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് ലൈംഗീകപീഡനങ്ങളെക്കുറിച്ചുള്ളത് മാത്രമല്ല. അതല്ലാത്ത പ്രശ്നങ്ങളും ഉൾപ്പെട്ടിട്ടുണ്ട് പത്മപ്രിയ പറഞ്ഞു. ഇന്റേണൽ കമ്മിറ്റി വളരെ പ്രധാനപ്പെട്ടതാണെന്നും അതിക്രമങ്ങൾ തടയുന്നതിന് വ്യവസ്ഥ ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും പത്മപ്രിയ അഭിപ്രായപ്പെട്ടു.
“മുംബെയിലൊക്കെ വനിത കമ്മീഷൻ 30 ദിവസത്തെ നോട്ടീസ് നൽകുകയും അവിടുത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തന്നെ ഇത് നടപ്പിലാക്കുകയും ചെയ്തു. അല്ലാത്തപക്ഷം ഫൈൻ അടക്കമുള്ള നടപടികൾ ഉണ്ടായിട്ടുമുണ്ട്. പരാതികൾ പരിഹരിക്കുന്നതിനപ്പുറം അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ആ ലക്ഷ്യത്തിലേക്കുള്ള പുരോഗമനപരമായ ഒരു ചുവടുവയ്പ്പായിരിക്കും ഇത്തരമൊരു കമ്മിറ്റി” നടി കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് നീതി നടപ്പാകട്ടെ എന്നാണ് പറയാനുള്ളതെന്നും നീതി വൈകുന്നതും നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും പത്മപ്രിയ പറഞ്ഞു. “സിനിമാരംഗത്തുള്ളവർ മുഴുവനും നടിയെ പിന്തുണയ്ക്കണം. അത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാത്രമല്ല. ഞാൻ ‘അമ്മ’യുടെ മെമ്പർ ആണ്.
ജനറൽ ബോഡി മീറ്റിങ്ങിന് ശേഷം പ്രസിഡന്റ് പറഞ്ഞത് പുറത്തുപോയ ആളുകൾക്ക് തിരിച്ചുവരണമെങ്കിൽ അവർ മെമ്പർഷിപ് എടുത്ത് വന്നാൽ മതിയെന്നാണ്. സർവൈവറെ ‘ബഹുമാനിക്കുന്നു’ എന്ന് പറയുമ്പോൾ അതിനുള്ള ആദ്യ ചുവടുവയ്പ്പ് അവളെ ഉപാദികളില്ലാതെ തിരിച്ചെടുക്കുക എന്നത് തന്നെയാണ്. ഒരു മെമ്പർഷിപ് ഫോം ഫിൽ ചെയ്യിക്കാതെ”, പത്മപ്രിയ പറഞ്ഞു.
സിനിമ മേഖലയില്‍ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിയുണ്ടാക്കാന്‍ ഇടപെടല്‍തേടി ഡബ്ല്യൂസിസി ഇന്ന് വനിത കമ്മിഷന് അധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. കംപ്ലെയ്ന്റ് കമ്മിറ്റിയുണ്ടാക്കേണ്ടത് നിര്‍മാണ കമ്പനിയുടെ ചുമതലയെന്ന് പി സതീദേവി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം പ്രതീക്ഷിക്കുകയാണ്.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനായി ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഡബ്ല്യൂസിസി അംഗങ്ങളായ സംവിധായിക അഞ്ജലി മേനോനും ദീദി ദാമോദരനും പ്രതികരിച്ചു. പത്മപ്രിയ, പാർവ്വതി തിരുവോത്ത്, സയനോര, ദീദീ , അഞ്ജലി മേനോൻ തുടങ്ങിയവരാണ് വനിതാ കമ്മീഷനെ കാണാനെത്തിയത്.