മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പറയാതെ വന്നെൻ’ ജീവനിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ലക്ഷ്മി ശ്രീകുമാര്‍ ആണ്.
മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരാണ് ഗാനത്തിൽ ഉള്ളത്. പൃഥ്വിരാജിൻ്റെ ഭാഗങ്ങൾ വിനീതും മോഹൻലാലിൻ്റെ ഭാഗങ്ങൾ എം ജി ശ്രീകുമാറുമാണ് ആലപിച്ചിരിക്കുന്നത്. ‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അക്കാരണത്താല്‍ തന്നെ പ്രേക്ഷകരുടെ സജീവശ്രദ്ധ നേടിയെടുത്ത ചിത്രം കൂടിയാണിത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ.
അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 26നാണ് റിലീസ്.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം മീന, കല്യാണി പ്രിയദര്ശന്, കനിഹ, ലാലു അലക്സ്, ജഗദീഷ്, സൗബിന് ഷാഹിര്‍, ഉണ്ണി മുകുന്ദന്, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലിൻ്റെ പ്രസരിപ്പാർന്ന പ്രകടനം എന്നാണ് പാട്ട് കണ്ടവരുടെ അഭിപ്രായം. ഒരു ഭാഗത്ത് മകൻ്റെ പ്രേമം, മറുവശത്ത് അപ്പൻ്റെ പ്രേമം, ഇങ്ങനെ ഒരു ലാലേട്ടനെ എത്ര നാളായി കാത്തിരിക്കുന്നു തുടങ്ങി നീളുന്നു കമന്റുകൾ.