കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തേക്കും. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്നും സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ മേൽന്നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് വിശദീകരിച്ചു.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ദിലീപിന് നോട്ടീസ് നല്‍കും. 20-ാം തീയതിക്കകം കേസിന്റെ റിപ്പോര്‍ട്ട് കൈമാറേണ്ടതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യംചെയ്യലും മൊഴിയെടുക്കലുമെല്ലാം അടുത്തദിവസങ്ങളില്‍ തന്നെ ഉണ്ടായേക്കും.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തുക. ബാലചന്ദ്രകുമാറിന് കോടതി സമൻസ് അയച്ചു.കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്റെ ശബ്ദ രേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.