പോഷകാഹാര കുറവ് കാരണം മരിച്ച 2 വയസ്സുകാരൻ രാഹുലിനും സഹോദരങ്ങൾക്കും ആശ്രയമായത് പതിനൊന്നുകാരിയായ സഹോദരി. കളിച്ചു നടക്കേണ്ട പ്രായത്തിൽ താഴെയുള്ള സഹോദരങ്ങൾക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നൽകേണ്ടി വന്ന കുട്ടിയുടെ ജീവിതമാണ് നാട്ടുകാരുടെ മനസ്സിൽ.
സ്കൂളിൽ പോയി അക്ഷരങ്ങൾ പഠിക്കാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ കഴിയാതെ അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ സഹോദരങ്ങളെ വിശപ്പറിയിക്കാതെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മൂത്ത പെൺകുട്ടി.
കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടി രാഹുലാണ് കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ കാരണം മരിച്ചത്.
മൂന്നു വർഷം മുൻപ് ഇവരുടെ മറ്റൊരു ആൺകുട്ടിയും മരിച്ചിരുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകാനോ പരിചരിക്കാനോ മാതാപിതാക്കൾ തയാറായിരുന്നില്ല. ഇവരുടെ 3, 5, 7, 10 വയസ്സു വീതമുള്ള 4 പെൺകുട്ടികളെ സിഡബ്ല്യുസി ഏറ്റെടുത്തു സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.
അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിലായ ദിവസങ്ങളിൽ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളുടെയും കുഞ്ഞുങ്ങളുടെ പരിപാലനത്തിന്റെയും ഭാരം ഈ പതിനൊന്നുകാരിയുടെ ചുമലിലായിരുന്നു. മൂടിയില്ലാത്ത കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കുന്നതും താഴെയുള്ള കുരുന്നുകളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഈ കുട്ടിയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
കുട്ടിയെ സുരക്ഷിതമല്ലാത്ത കിണറ്റിൽ നിന്നു വെള്ളം കോരിക്കരുതെന്ന് സമീപവാസികൾ പല തവണ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെങ്കിലും ചെവികൊള്ളാറില്ലെന്നാണ് ഇവരുടെ പരാതി. വീട്ടിൽ അടുപ്പു പുകയാത്ത ദിവസങ്ങളിൽ സുമനസ്സുകൾ നൽകുന്ന ഭക്ഷണപ്പൊതികൾ വാങ്ങി സഹോദരങ്ങൾക്കു നൽകിയിരുന്നതും ഈ കുട്ടിയാണ്.
രണ്ടുവയസ്സുകാരന്റെ മരണം ഇതുവരെ കുഞ്ഞിന്റെ അമ്മ താരയെയും നാലു സഹോദരിമാരേയും അറിയിച്ചിട്ടില്ല. നിലവിൽ ഏഴാമത്തെ പ്രസവത്തിനുശേഷം ആശുപത്രിയിൽ വിശ്രമത്തിലാണ് താര. രക്തസമ്മർദമുള്ളതിനാൽ അറിയിക്കേണ്ടതില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഭർത്താവ് രാജേഷ് പറഞ്ഞു. അനിയന് സുഖമില്ലാത്തതിനാൽ ആശുപത്രിയിലാണെന്നാണ് സഹോദരിമാരോടു പറഞ്ഞിരിക്കുന്നത്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് ഇവർ.
താരയ്ക്ക് ഇപ്പോൾ ജനിച്ച കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. കുഞ്ഞിനെ അമ്മയുടെ പരിചരണത്തിൽ തന്നെ നിർത്താനാണ് തീരുമാനം. മറ്റു ഏഴ് പ്രസവങ്ങളുടെ സമയത്തും താര കൃത്യമായി ചികിത്സ തേടിയിരുന്നില്ല. പ്രസവ സമയത്ത് മാത്രമാണ് ആശുപത്രിയിൽ പോകുന്നത്. രക്തസമ്മർദമുള്ളതിനാൽ ആശുപത്രിയിൽ പോകണമെന്ന് പലതവണ ആശാ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരുതവണ മാത്രമാണ് ചികിത്സ തേടിയത്.















