തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡോൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റൈൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം 5296 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 64,577 സാമ്പിളുകൾ പരിശോധിച്ചതിലാണ് 5,296 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 5000 കടക്കുന്നത്. നേരത്തെ ഒമിക്രോൺ വ്യാപനം ഉണ്ടായപ്പോൾ ചില നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കർഫ്യൂവാണ് ആദ്യം ഏർപ്പെടുത്തിയത്. തുടർന്ന് പൊതു ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
അതേസമയം, ആരോഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവത്തില്‍ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി പറഞ്ഞു. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്പുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പോലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.