തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
അതേസമയം, സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. നേരത്തെ ഒമിക്രോൺ കേസുകൾ ഉയർന്നതിനെ തുടർന്ന് മൂന്ന് ദിവസം സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവിൽ 139 പേരാണ് ഒമിക്രോൺ ചികിത്സയിലുള്ളത്. ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

















