വന്‍ പ്രതീക്ഷയുമായെത്തി മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ച ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ ആക്ഷന്‍ ഡ്രാമ ‘പുഷ്‍പ’. 2021 ഡിസംബർ 17ന് തിയറ്ററിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം, ആ വർഷം റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷൻ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
‘പുഷ്പ’ പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോൺ പ്രൈം വിഡിയോയിലൂടെ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഈ മാസം 7ന് പുഷ്പ ഓടിടിയിൽ റിലീസ് ചെയ്യുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നിർമ്മാതാക്കളോ ആമസോൺ പ്രൈമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണ ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളുടെ ഒടിടി റിലീസ് തീയതി പ്രൈം വീഡിയോ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല.
ചിത്രത്തിന്‍റെ സംവിധാനം സുകുമാര്‍ ആണ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിൻ്റെ ആദ്യഭാഗത്തിൻ്റെ പേര് ‘പുഷ്പ: ദ റൈസ്’ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസിലിൻ്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പുഷ്പ ശ്രദ്ധ നേടിയിരുന്നു. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട മൊഴിമാറ്റ ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമതാണ് പുഷ്പ.
















