തിരുവനന്തപുരം: കാനഡ വിസ മെഡിക്കൽ സേവനങ്ങളെ കുറിച്ച് മറുനാടൻ മലയാളി, ഭാരത് വിഷൻ എന്നീ ന്യൂസ് ചാനലിൽ വന്ന വാർത്തയെ കുറിച്ചുള്ള സത്യാവസ്ഥ. സമൂഹത്തിൽ പരസ്‌പര സ്പർദ്ധ വളർത്തുവാൻ വ്യാജവിലാസത്തിൽ പ്രചരിപ്പിക്കുന്ന വിഷലബ്ധമായ ഒരു പോസ്റ്റാണിത് കിംസ്ഹെൽത്ത് അധികൃതർ പറഞ്ഞു. തികഞ്ഞ ശാസ്ത്രീയാടിസ്ഥാനത്തിൽ മതേതര മൂല്യം മുറുകെപ്പിടിച്ചു മുന്നേറുന്ന അതിപ്രശസ്തമായ സ്ഥാപനമാണ് കിംസ്ഹെൽത്ത്, തിരുവനന്തപുരം. ഈ പോസ്റ്റിൽ പറയുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥനവിരുദ്ധവും ദുരുദ്ദേശപൂർണവുമാണെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം ഒരു പതിറ്റാണ്ടിലേറെയായി കിംസ്ഹെൽത്ത് നാല് രാജ്യങ്ങൾക്ക് വേണ്ടിയുള്ള വിസ മെഡിക്കൽ സേവനം പ്രവർത്തിച്ചു വരികയാണ്. ഗവൺമെന്റും, എംബസിയും നിഷ്കർഷിക്കുന്ന എല്ലാവിധ മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് വിസ മെഡിക്കൽ പൂർണ്ണമായും കിംസ്ഹെൽത്തിൽ പ്രവർത്തിച്ചു വരുന്നത്. ഇത് എല്ലാ എംബസികളും കാലാകാലം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. അന്താരാഷ്ര നിലവാരവും സൗകര്യങ്ങളൂം ഉള്ള ആശുപത്രികൾക്ക് മാത്രമാണ് എംബസി വിസമെഡിക്കൽ സൗകര്യത്തിനുള്ള അംഗീകാരം അനുവദിക്കുന്നത്.
എംബസി നിർദ്ദേശ പ്രകാരം കാനഡ പോലുള്ള രാജ്യങ്ങളിൽ ഫുൾ ബോഡി ചെക്ക്അപ്പ് നിർബന്ധമാണ്. അതിനാൽ തന്നെ കിംസ്ഹെൽത്തിൽ മെഡിക്കൽ ചെക്കപ്പിന് വരുന്ന ഏതൊരാൾക്കും സ്ത്രീ പുരുഷ ഭേദമന്യേ ഡോക്ടറെ തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് മെഡിക്കൽ ചെക്ക്അപ്പിന് വരുന്ന സ്ത്രീകൾക്ക് ഡോക്ടറോടൊപ്പം ഒരു ഫിമെയിൽ അസിസ്റ്റന്റ്ൻ്റെ സാന്നിദ്ധ്യം ഉടനീളം ഹോസ്പിറ്റൽ ഉറപ്പാക്കുകയും സ്ത്രീകളുടെ സുരക്ഷിതത്വവും, സ്വകാര്യതയും ഉറപ്പാക്കിയാണ് ഫുൾ ബോഡി ചെക്ക്അപ്പ് കിംസ്ഹെൽത്ത് നടത്തി വരുന്നത്.
എംബസി അംഗീകാരം നേടിയ ഡോക്ടർമാർക്ക് മാത്രമേ ഇത്തരത്തിലുള്ള വിസ മെഡിക്കൽ ചെക്ക്അപ്പ് നടത്തുന്നതിനുള്ള അവകാശം ഉള്ളൂ. ഇത് ഓരോ എംബസിയും കാലാകാലങ്ങളിൽ പുനപരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നു. അത്തരത്തിൽ എംബസി അംഗീകാരമുള്ള ഒരു ഡോക്ട്ടറാണ് ഡോ: മുഹമ്മദ് സനോഫർ. ജാതി മതഭേദമന്യേ എല്ലാവർക്കും ഏറ്റവും ഉത്തമമായ പരിശോധനകളും,ചികിത്സാ സേവനങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് കിംസ്ഹെൽത്ത് നാളിതുവരെ പ്രവർത്തിച്ചു വരുന്നതെന്നും കിംസ്ഹെൽത്ത് അധികൃതർ അറിയിച്ചു.

















