തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിൻ്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഡോളര്‍ കേസില്‍ കസ്റ്റംസ് വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും സമിതി കണ്ടെത്തി. ശുപാർശയിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയില്‍ ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽ വാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് സമിതി ശുപാര്‍ശ നല്‍കിയിക്കുന്നത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ആറ് മാസം കൂടുമ്പോള്‍ റിവ്യൂ നടക്കാറുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. രണ്ട് തവണ റിവ്യൂ നടന്നപ്പോഴും ശിവശങ്കറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. ഇത്തവണ പക്ഷേ ശിവശങ്കറിന് അനുകൂലമായാണ് കാര്യങ്ങള്‍ വന്നത്.
ശിവശങ്കറിനെതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസായിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം നല്‍കണമെന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വിലയിരുത്തി. പിന്നാലെയാണ് ശിവശങ്കറിൻ്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം സമിതി ഉന്നയിച്ചത്.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമാണ് സമിതിയുടെ ശുപാർശ. വിഷയത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന.

















