തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കാര്യത്തിലും ബിജെപിക്ക് ഒരു അഭിപ്രായവുമില്ല. രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കുകയാണ്.
കുഴല്‍പ്പണ വിവാദം ഒറ്റ ബിജെപിക്കാരന്‍ പ്രതിയാകാതെ എങ്ങനെയാണ് അവസാനിച്ചത്? ആര്‍ക്കു വേണ്ടിയാണ് ആ പണം കൊണ്ടുവന്നത്? സിപിഎം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു?. വി മുരളീധരന്‍ ഏറ്റവും നല്ല ഇടനിലക്കാരനാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയ മുരളീധരനോടും സുരേന്ദ്രനോടും കേരളം ഏറെ കടപ്പെട്ടിക്കുകയാണ്.
ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. കണ്ണൂര്‍ വിസി നിയമനം നടന്നത് നിയമവിരുദ്ധമായാണ്. അക്കാര്യത്തില്‍ രണ്ടു കത്തുകള്‍ എഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമവിരുദ്ധ നടപടിക്ക് ഗവര്‍ണറും കൂട്ടുനിന്നു. പിന്നീട് അതു തെറ്റായിപ്പോയെന്ന് സമ്മതിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയുടെ രാജി ആവശ്യപ്പെടുകയോ അല്ലെങ്കിലും നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു.
ഇതൊന്നും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണ്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാല്‍ വിസി പുറത്താകും. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്നു ഗവര്‍ണര്‍ പറയുന്നത്.
ഡി-ലിറ്റിന് ശുപാര്‍ശ ചെയ്‌തോയെന്ന് ഗവര്‍ണറോ സര്‍വകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവര്‍ണര്‍ ഇക്കാര്യം വിസിയോട് ആവശ്യപ്പെട്ടത്. ചെവിയില്‍ പറയുകയല്ല വേണ്ടത്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തോ, സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്‌തോ എന്നൊക്കെയാണ് രമേശ് ചെന്നിത്തലയും ചോദിച്ചത്. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യാത്യാസം കണ്ടുപിടിക്കാന്‍ പറ്റാത്തതാണ് നിങ്ങളുടെ പ്രശ്‌നം. രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒരേ നിലപാടാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

















