മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. ‘പരിയേറും പെരുമാൾ’, ‘കർണൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘കര്‍ണ്ണൻ’ എന്ന ധനുഷ് ചിത്രത്തിലൂടെയും മാരി ശെല്‍വരാജ് പ്രേക്ഷകരുടെ പ്രിയം നേടി. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. മറ്റ് അഭിനേതാക്കളുടെ പേരുവിവരങ്ങളും ചിത്രത്തിൻ്റെ വിശേഷങ്ങളും വൈകാതെ പുറത്തുവിടും.
എ ആർ റഹ്മാൻ ആണ് സംഗീതം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 2017ൽ പുറത്തിറങ്ങിയ ‘വേലൈക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സൂപ്പർ ഡീലക്സിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഏറെ ശ്രദ്ധനേടിയ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
















