കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന ‘രണ്ടകം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രം. ‘തീവണ്ടി’ക്ക് ശേഷം സംവിധായകന്‍ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പായ രണ്ടകത്തിൻ്റെ ടീസറാണ് പുറത്തുവന്നത്. ‘ഒറ്റ്’ എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുക. കാൽ നൂറ്റാണ്ടിനുശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.
ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഗാങ്‌സ്റ്ററായാണ് അരവിന്ദ് സ്വാമി എത്തുന്നത് എന്നാണ് ടീസര്‍ നല്കുന്ന സൂചന. സ്റ്റൈലിഷ് ലുക്കിലാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://www.youtube.com/watch?v=xJGWEckUZUQ
തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങള്‍ ത്രില്ലര്‍ സിനിമയില്‍ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് സിനിമപ്രേമികള്‍ ഈ ചിത്രത്തെ നോക്കുന്നത്. എസ് സജീവാണ് തിരക്കഥ. ദി ഷോ പീപ്പിളിന്‍റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എ എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹണം വിജയ് നിര്‍വ്വഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരി എഡിറ്റിങ്. ‘കുറുപ്പി’ലൂടെ ശ്രദ്ധേയനായ ഷനീം സഈദ് ആണ്കാസ്റ്റിങ് ഡയറക്ടർ. ഷനീം കാസ്റ്റിങ് ഡയറക്ടർ ആകുന്ന ആദ്യ തമിഴ് സിനിമയാണിത്. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ-രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനിത് ശങ്കർ, ലൈന്‍ പ്രൊഡ്യൂസര്‍: മിഥുന്‍ എബ്രഹാം, പി ആർ ഒ എ എസ് ദിനേശ്.
















