വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ധനുഷിന്റെ ദ്വിഭാഷാ ചിത്രം ‘ സാർ’ ഹൈദരാബാദിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ പ്രൊഡക്ഷൻ ഹൗസ് സിത്താര എന്റർടെയ്ൻമെന്റ്സ് ട്വിറ്ററിൽ പങ്കുവച്ചു. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴിൽ ‘വാത്തി’ എന്നും തെലുങ്കിൽ ‘സർ’ എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അട്ട്ലൂരിയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്ന ആക്ഷൻ ഡ്രാമയായിരിക്കും വാത്തി. ‘വാത്തി’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ധനുഷ് ഒരു പ്രൊഫസറായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജി വി പ്രകാശ്‍ കുമാറാണ് സംഗീത സംവിധായകൻ. ദിനേഷ് കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
ബോളിവുഡ് ചിത്രം ആത്രംഗി രേയാണ് ധനുഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രത്തിൽ സാറാ അലി ഖാനും അക്ഷയ് കുമാറുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
















