ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡൽഹിയിൽ ചുമത്തിയത് 1.15 കോടി രൂപ. ഞായറാഴ്ചയാണ് ഇത്രയധികം തുക പിഴയിനത്തിൽ പിരിച്ചെടുത്തത്. 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു.
പുതുവത്സര ദിനമായ ജനുവരി ഒന്നിന് 66 കേസുകളാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്തത്. 99 ലക്ഷം രൂപ പിഴയായി ലഭിച്ചതായും അധികൃതർ അറിയിച്ചു.
ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡല്‍ഹിയില്‍ പരിശോധിച്ച കൊവിഡ് സാമ്ബിളുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന് അറിയിച്ചു. ഡിസംബര്‍ 30, 31 തീയതികളിലായി നടത്തിയ ജനിതകശ്രേണീ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 510 പേരിലാണ് ഇവിടെ രോഗം കണ്ടെത്തിയത്. 351 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം മാത്രം 3,194 കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 25,109 പേര് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സത്യേന്ദര്‍ ജയിന് പറഞ്ഞു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമായി ഉയര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ ഉയര്‍ന്നുവരുമെന്ന് വിദഗ്ദ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് അനുമാനം മാത്രമാണെന്നും ജെയിന് കൂട്ടിച്ചേര്‍ത്തു.
















