പാലക്കാട്: കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് പാർട്ടി ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നു. എൽഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
നാടിനെതിരായ ശക്തികൾക്കേ വികസന പദ്ധതികൾക്കെതിരെ നിൽക്കാനാവൂ. ഞങ്ങൾക്ക് അനാവശ്യ ദുർവാശിയില്ല. മറിച്ച് നാട് മുന്നോട്ട് പോകണമെന്ന തീരുമാനം മാത്രമാണ്.
വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. വിരട്ടൽ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വർഗീയതയോട് സമരസപെടനാണ് കോൺഗ്രസ് ശ്രമമെന്നും കോൺഗ്രസിനെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഞാൻ ഹിന്ദുവാണെന്ന് ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്നും റാലിയിൽ പറയുന്നു. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫാസിസ്റ്റ് രീതിയാണ് RSS പിന്തുടരുന്നതെന്നും ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്രസർക്കാർ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
















