ന്യൂഡൽഹി: രാജ്യത്ത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ പെഗാസസ് ഫോണ് ചോർത്തലിൽ വിശദാംശങ്ങൾ തേടി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ.വി. രവീന്ദ്രന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സമിതിയാണ് വിവരങ്ങൾ തേടിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
ചാര സോഫ്റ്റ്‌വെയർ ബാധിച്ചുവെന്ന് സംശയിക്കുന്നവർക്ക് വിവരങ്ങൾ കൈമാറാൻ അവസരം നൽകി. ജനുവരി ഏഴിന് ഉച്ചയ്ക്ക് മുൻപ് പൊതുജനങ്ങൾക്ക് സമിതിയെ സമീപിക്കാം. ഇതുസംബന്ധിച്ച പൊതു നോട്ടീസ്, സാങ്കേതിക വിദഗ്ധ സമിതി പുറത്തിറക്കി. പെഗസിസ് ബാധയുണ്ടെന്ന് സംശയമുള്ളവർ മൊബൈൽ ഫോൺ തുടങ്ങിയവ സമിതിക്ക് കൈമാറണം. പരിശോധനക്ക് ശേഷം ഇവ തിരികെ നൽകുമെന്നും സമിതി വ്യക്തമാക്കി.
കോടതി പലതവണ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി മറുപടി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. സമിതി അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം. എട്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. വിഷയത്തിൽ കോടതിക്ക് മൂകസാക്ഷിയായിരിക്കാൻ കഴിയില്ലെന്നും നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് ആവശ്യത്തിലധികം സമയം അനുവദിച്ചിരുന്നതാണെന്നും കോടതി വ്യക്തമാക്കി.
പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകൾ ചോർത്തിയെന്നാണ് പരാതി. പെഗാസസ് വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന പൗരന്മാരോട് ഒരു ഇ-മെയിൽ അയയ്ക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്നതിന്റെ കാരണങ്ങളും നൽകേണ്ടതുണ്ട്.
ഇത്തരം സംശയങ്ങൾക്ക് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കമ്മറ്റിക്ക് തോന്നുന്ന സാഹചര്യത്തിൽ ഉപകരണത്തിന്റെ പരിശോധനയ്ക്ക് അനുമതി നൽകാൻ ആവശ്യപ്പെടാവുന്നതാണ്. കളക്ഷൻ പോയിന്റ് ഡൽഹിയിലായിരിക്കും. ഉപകരണം പരിശോധനയ്ക്കായി ലഭിച്ചതിന്റെ സമ്മതപത്രം സമിതി നൽകും.
















