ന്യൂഡൽഹി; രാജ്യത്ത് കോവിഡ് കേസുകളിൽ അതിവേഗ വർധന. പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു. ഒരാഴ്ചക്കിടെ നാലിരട്ടി വർധനയാണ് കേസുകളിലുണ്ടായത്. ഒമിക്രോൺ വകഭേദം ഡെൽറ്റയേക്കാൾ വ്യാപിച്ചതായി കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്തോടെ രാജ്യത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം നൽകിയിട്ടുമുണ്ട്. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് ബംഗാളാണ്. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 4,512 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഡൽഹിയിൽ ഇന്നലെ 2,716 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനം വർദ്ധനവാണ് ഉണ്ടായത്. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
















