ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. എല്ലാ സംസ്ഥാനങ്ങളിലേയും കൊറോണ വ്യാപനം വിലയിരുത്താനും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. താത്ക്കാലിക ആശുപത്രികളും കൺട്രോൾ റൂമുകളും ആരംഭിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
താത്കാലിക ആശുപത്രികള്‍ സജ്ജമാക്കുന്നതിന് സി.എസ്.ഐ.ആര്‍, ഡി.ആര്‍.ഡി.ഒ., സ്വകാര്യ മേഖല, കോര്‍പറേഷനുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായം തേടാവുന്നതാണ്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കായി ഹോട്ടൽ മുറികളും മറ്റും മാറ്റിവയ്ക്കണം. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്തണം. വീടുകളിലെ നിരീക്ഷണം ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കണം.
പോസിറ്റീവ് കേസുകളില്‍ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷന്‍ ചെയ്യേണ്ടിവന്നേക്കാം. ഇവര്‍ക്ക് കൃത്യമായ നിരീക്ഷണം ആവശ്യമാണ്. മാത്രമല്ല, സ്ഥിതി മോശമാകുന്ന പക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ നിരീക്ഷിക്കണമെന്നും അത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
ജില്ലാ തലത്തിൽ കണ്ട്രോൾ റൂമുകൾ തുറക്കണം. കൃത്യമായ ആംബുലൻസ് സേവനം ഉറപ്പു വരുത്തണം. ഗ്രാമീണ മേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്രം ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം വർദ്ധിക്കുകയും നിരവധി പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്ത് ഇതുവരെ 1413 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ കേസുകളും (22,775) കുത്തനെ കൂടുകയാണ്. ഇതിന് പിന്നാലെയാണ് കൊറോണ വ്യാപനം നേരിടാൻ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
















