കാബൂള്‍: അഫ്ഗാനിസ്താനിലേക്ക് അഞ്ചു ലക്ഷം ഡോസ് കോവാക്സിൻ അയച്ച് ഇന്ത്യ. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് അഫ്ഗാനിലേക്ക് വൈദ്യസഹായമായച്ചത്. ശനിയാഴ്ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്സിൻ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജനുവരി രണ്ടാമത്തെ ആഴ്ച്ച വീണ്ടും അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന്റെ ‘വാക്‌സിന്‍ മൈത്രി’ പദ്ധതിയുടെ ഭാഗമായാണ് ഇത്. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്‌സിന്‍ അയക്കുന്ന പദ്ധതിയാണിത്.
“വരുന്ന ആഴ്ചകളിൽ ഭക്ഷ്യ ധാന്യങ്ങൾ, വൈദ്യ സഹായം ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ നൽകും. ഇവ സുഗമമായി അഫ്ഗാനിൽ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭാ ഏജൻസികളുമായി നിരന്തരം ചർച്ച നടത്തി വരികയാണ്.” – പ്രസ്താവനയിൽ തുടർന്നു. ഇതിനോടകം തന്നെ 50,000 ടൺ ഗോതമ്പും മരുന്നുകളും പാകിസ്താൻ വഴി റോഡ്മാർഗം അഫ്ഗാനിൽ എത്തിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ അയച്ചിരുന്നു.
നിലവില്‍ കൊവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഓരോ മാസവും 70 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇത് ഒരു ബില്ല്യണിലെത്തും. 2021 നവംബര്‍ മൂന്നിന് കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
















