ന്യൂഡൽഹി: ഹരിദ്വാറിലെ ധർമ സൻസദിൽ നടന്ന വിദ്വേഷ പ്രസങ്ങളുടെ പേരിൽ സൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. മുസ്ലിംകൾക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്ത ഹിന്ദു സന്യാസിമാർ നടത്തിയത്.
കേസിൽ അഞ്ചാം പ്രതിയാണ് നരസിംഹാനന്ദ്. പരിപാടിയിൽ പങ്കെടുത്ത സാഗർ സിന്ധു മഹാരാജ്, സ്വാധി അന്നപൂർണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിനും ആരാധനാലയം അശുദ്ധമാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ സംഘടിപ്പിച്ച ധർമ്മ സൻസദ് സമ്മേളനത്തിലാണ് ഹിന്ദുത്വവാദികൾ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയത്. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മത കേന്ദ്രങ്ങൾ ആക്രമിക്കാനും ഇവർ ആഹ്വാനം ചെയ്തു. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണയാണ് മുസ്ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തത്.
അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണെന്നും അന്നപൂർണ പറഞ്ഞു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം വിവാദമായത്.
പ്രകോപനപരമായ പ്രസംഗങ്ങൾ മുൻപും നടത്തിയിട്ടുള്ള യതി നരസിംഹാനന്ദ് പരിപാടിയിൽ സംസാരിച്ചിരുന്നു. രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പരിപാടി നടന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് എഫ്.ഐ.ആർ ഫയൽ ചെയ്യപ്പെട്ടത്.
















