തിരുവനന്തപുരം: കോവളത്ത് മദ്യം വാങ്ങി വന്ന വിദേശിയെ തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.
വസ്തുതകള്‍ അന്വേഷിക്കാതെയാണ് സസ്പെന്ഷന്. സമഗ്ര അന്വേഷണം വേണം. അന്വേഷണ റിപ്പോര്‍ട്ട് വരുംവരെ സസ്പെന്ഷന് നടപടി മരവിപ്പിക്കണെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. താമസസ്ഥലത്തേക്കല്ല, ബീച്ചിലേക്കാണ് വിദേശപൗരന് മദ്യം കൊണ്ടുപോയതെന്നും അസോസിയേഷന് ആരോപിച്ചു.
മദ്യം കളയാൻ പൊലീസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്തിട്ടില്ല. വിരമിക്കാൻ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഇതിൻ്റെ പേരിൽ സസ്പെൻസ് ചെയ്ത നടപടി നീതീകരിക്കാനാവത്തതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും അസോസിയേഷൻ നേതാക്കൾ പ്രതിഷേധം അറിയിച്ചു.
എന്നാല്‍, തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നും മദ്യവുമായി താൻ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്വീഡിഷ് പൗരൻ സ്റ്റീവൻ ആസ്ബർഗ് പറഞ്ഞു. കോവളം ജംഗ്ഷനിൽ വച്ചാണ് തന്നെ പൊലീസ് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിഷയത്തിൽ ഇപ്പോൾ പൊലീസ് അസോസിയേഷൻ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്റ്റീവൻ പറഞ്ഞു
തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ബിവറേജിൽനിന്നു മദ്യവുമായി എത്തിയ സ്വീഡിഷ് പൗരനായ സ്റ്റീഫനെയാണ് പോലീസ് തടഞ്ഞത്. ബില്ലില്ലാത്തതിനാൽ മദ്യം കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ പോലീസ് തടഞ്ഞത്. ഇതോടെ സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞു. പിന്നീട് ബി വറേജിൽ പോയി ബിൽ വാങ്ങി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു.

















