സിനിമ പ്രമികൾ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവർത്തകർ. ന്യൂ ഇയർ ദിനത്തിൽ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘രാമം രാഘവം’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. മരഗതമണിയുടെ സംഗീതത്തിൽ കെ ശിവദത്തയാണ് വരികളെഴുതിയത്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാൺ, ചാരു ഹരിഹരൻ എന്നിവർ ചേർന്നാണ് ആലാപനം. സംസ്‍കൃതത്തിലാണ് ഗാനത്തിന്‍റെ വരികള്‍. ബാഹുബലി 2നു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. തെലുങ്ക് സിനിമയ്ക്കു തന്നെ ഭാഷാതീതമായി പുതിയ പ്രേക്ഷകരെ നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു ബാഹുബലി. രുധിരം രണം രൗദ്രം എന്നതിന്‍റെ ചുരുക്കപ്പേരാണ് ആർആർആർ.
https://www.youtube.com/watch?v=GErjBkyCAYo
രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ ടി ആറാണ്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. 2022 ജനുവരി ഏഴിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
















