ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശ്രീവല്ലിപുത്തുരിലെ ആര്‍ കെ വി എം പടക്കനിര്‍മാണ ശാലയില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ശിവകാശി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതു മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. കരിമരുന്ന് നിര്‍മാണത്തിനിടെ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുതുവര്‍ഷ ദിനമായതിനാല്‍ പൂജയ്ക്കു ശേഷമാണ് ജോലി തുടങ്ങിയത്. പൂജയ്ക്കായി തൊഴിലാളികളുടെ ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല.
മൂന്ന് പേര്‍ സംഭവ സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. എസ് കുമാര്‍ (38), പി പെരിയസ്വാമി(40), എസ് വീരകുമാര്‍(40), പി മുരുഗേശന്‍(38), ശെൽവം (50) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മുരുഗേശന്‍, ശെൽവം എന്നിവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
















