തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളസര്‍വകലാശാല വിസിയെ വിളിച്ചുവരുത്തി ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് പദവിയുടെ ദുരുപയോഗമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ വി സി നിയമനത്തിലെ തെറ്റുതിരുത്താതെ ഗവര്‍ണര്‍കൗശലം കാട്ടുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വകലാശാല പ്രശ്നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും സതീശന്‍ പറഞ്ഞു. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചു എന്ന വിവാദത്തില്‍ ഗവര്‍ണരെ പ്രതിസ്ഥാനത്തു നിറുത്തി രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷനേതാവ് ഉയര്‍ത്തുന്നത്. വൈസ്ചാന്‍സലറെ വിളിച്ച് ആര്‍ക്കെങ്കിലും ഡി ലിറ്റ് നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് എങ്ങിനെ പറയാനാകും എന്നാണ് വി ഡി സതീശന്‍റെ ചോദ്യം.
കൂടാതെ മദ്യവുമായി പോയ വിദേശ പൗരനെ പോലീസ് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആരുപറഞ്ഞാലും കേള്‍ക്കാത്ത നിലയിലാണ് പോലീസെന്നും പോലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചു. ഇത് ഇടതുപക്ഷ സര്‍ക്കാരല്ലെന്നും വലതുപക്ഷ ആഭിമുഖ്യമാണ് സര്‍ക്കാരിനെന്നും സതീശന്‍ പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയതില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയോ എന്നാണ് അറിയേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു. ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ തിരിയുമ്പോള്‍, സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിച്ചു എന്ന് വരുത്തിതീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം.

















