തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോയ സ്വീഡിഷ് പൗരനെക്കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിപ്പിച്ചതിനെതിരെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗര്‍ഭാഗ്യകരമാണ്. വിഷയം വകുപ്പ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാരിന് അള്ളുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് സര്‍ക്കാരിൻ്റെ നയമല്ല. സംഭവിച്ചത് സര്‍ക്കാരിൻ്റെ നയത്തിന് വിരുദ്ധമായ കാര്യമാണ്. ടൂറിസ്റ്റുകളോടുള്ള പോലീസിൻ്റെ സമീപനത്തില്‍ മാറ്റം വരണമെന്നും റിയാസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മദ്യം ഒഴുക്കി കളയിപ്പിച്ച പോലീസ് നടപടിയില്‍ ദുഃഖമുണ്ടെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ പറഞ്ഞു. കളഞ്ഞില്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. എല്ലാ നികുതിയും നല്‍കിയാണ് മദ്യം വാങ്ങിയത്. മൂന്ന് കുപ്പി മദ്യമാണ് തൻ്റെ കൈവശമുണ്ടായിരുന്നത് എന്നും സ്റ്റീവന്‍ പറഞ്ഞു. ബില്ല് ഇല്ലാത്തതിനാല്‍ പോലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് മദ്യം ഒഴുക്കികളഞ്ഞു. നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്‍ വാങ്ങി പോലീസ് സ്റ്റേഷനില്‍ കൊണ്ടുകൊടുത്തതെന്നും സ്റ്റീവന്‍ പറഞ്ഞു.

















