ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 24 മണിക്കൂറിനിടെ 22,775 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 16,000 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1431 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8949 പേരാണ് രോഗമുക്തി നേടിയത്. 406 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്തെ ആക്ടിവ് കേസുകള്‍ വീണ്ടും ഒരു ലക്ഷം കടന്നു. 1,04,781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 98.32 ശതമാനമാണ് രോഗമുക്തി നിരക്ക്. 1431 ആണ് രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. 454 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി 351, തമിഴ്നാട് 118, ഗുജറാത്ത് 115, കേരള 109 എന്നിങ്ങനെയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണം.
രാജ്യത്ത് ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമിക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനായി കോവിൻ പോർട്ടലിൽ ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം.
















