അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ‘വലിമൈ’യുടെ റിലീസ് പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി ഇന്ന് വൈകിട്ടാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ജനുവരി 13ന് ചിത്രം തിയറ്ററുകളിലെത്തും. പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസുമായിരിക്കും ചിത്രം.
അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 58 മിനിറ്റ് ആണ് ദൈര്‍ഘ്യം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അജിത്ത് കുമാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. എച്ച് വിനോദ് തന്നെയാണ് രചനയും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ബൈക്ക് സ്റ്റണ്ട് രംഗങ്ങളാലും സമ്പന്നമാണ്. ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനിടെ അജിത്തിന് ഒന്നിലേറെ തവണ പരിക്കേറ്റിരുന്നു.
ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ട്രെയ്‍ലര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായിരുന്നു. പോലീസ് വേഷത്തിലാണ് അജിത്ത് ചിത്രത്തില്‍ എത്തുന്നത്. യെന്നൈ അറിന്താലിനു ശേഷം അജിത്ത് അണിയുന്ന പോലീസ് വേഷമാണ് ഇത്. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്ര, യോഗി ബാബു, സെല്‍വ, ജി എം സുന്ദര്‍, അച്യുത് കുമാര്‍, രാജ് അയ്യപ്പ, പേളി മാണി, ധ്രുവന്‍, ദിനേശ് പ്രഭാകര്‍, ചൈത്ര റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം നീരവ് ഷാ, എഡിറ്റിംഗ് വിജയ് വേലുക്കുട്ടി, സംഗീതം യുവന്‍ ശങ്കര്‍ രാജ.
— Boney Kapoor (@BoneyKapoor) December 31, 2021
















