തിരുവനന്തപുരം: കൊവിഡിൻറെ (Covid) ആദ്യഘട്ടത്തിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകൾ (PPE kit) വാങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആഭ്യന്തര അന്വേഷണം മാത്രമായിരിക്കും നിലവിൽ നടത്തുക. ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. അന്വേഷണം പൂർത്തിയാക്കിയ ശേഷം കർശനമായ നടപടി ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മാർക്കറ്റിൽ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്ത് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയെന്നതിലാണ് അന്വേഷണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ്‍സിഎൽ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓർഡർ കൊടുത്തത് 1550 രൂപയ്ക്ക് ആണ്. 550 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോൾ 1550 രൂപയുടെ കിറ്റിന് ഉത്തരവിറക്കാൻ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുൻ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവൻ തുകയായ ഒൻപത് കോടി രൂപയും മുൻകൂറായി കൊടുക്കണമെന്നും ഉദ്യോഗസ്ഥർ ഫയലിലെഴുതുകയും ചെയ്തു.
550 രൂപയ്ക്ക് കൊച്ചിയിലെ കെയ്റോൺ കമ്പനിയോട് പിപിഇ കിറ്റിന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് 2020 ജനുവരി 30 നാണ്. ആ ഫയൽ ഇഴഞ്ഞ് നീങ്ങി രണ്ട് മാസമെടുത്ത് മാർച്ച് 29 ന് പർച്ചേസ് ഓർഡർ നൽകി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓർഡർ കൊടുത്തതിൻറെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാൻഫാർമ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓർഡർ നൽകുന്നത്. 550 രൂപയുടെ പിപിഇ കിറ്റിന് ഓർഡറാവാൻ രണ്ട് മാസമെടുത്തപ്പോൾ 1550 രൂപയുടെ കിറ്റ് വാങ്ങാൻ വേണ്ടി വന്നത് ഒരേയൊരു ദിവസം മാത്രമാണ്.

















