തിരുവനന്തപുരം: കേരളത്തിൻറെ ഖജനാവിലേക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മദ്യത്തിലൂടെ വന്നത് 46,546.13 കോടി രൂപ. 016 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെയുളള കണക്കുകളാണ് വിവരാവകാശ പ്രകാരം പുറത്തുവന്നത്. വിവരാവകാശ പ്രവർത്തകനും, എറണാകുളം പ്രോപ്പർ ചാനൽ പ്രസിഡൻറുമായ എംകെ ഹരിദാസ് നൽകിയ വിവരാവകാശത്തിന്, ടാക്‌സ് കമ്മിഷണറേറ്റ് നൽകിയ മറുപടിയിലാണ് കണക്കുകൾ ഉള്ളത്. ഇതാണ് അഞ്ച് വർഷത്തെ കണക്ക് എങ്കിൽ പ്രതിമാസം സംസ്ഥാന സർക്കാറിന് 766 കോടി രൂപയാണ് മദ്യപരിലൂടെ ലഭിക്കുന്നത്. അതായത് പ്രതിദിവസം 25.53 കോടി രൂപ ലഭിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2019-20 കാലത്ത് 10,332.39 കോടിയും, 2018-19ൽ 9,915.54 കോടിയും ലഭിച്ചതാണ് ഏറ്റവും കൂടുതൽ നികുതി കിട്ടിയ വർഷങ്ങൾ. യുഡിഎഫ് അധികാരത്തിലുണ്ടായിരുന്ന 2011-12 മുതൽ 2015-16 വരെയുളള കാലത്ത് മദ്യനികുതിയിനത്തിൽ ലഭിച്ചത് 30,770.58 കോടിയായിരുന്നു.
ബെവ്‌കോയുടെ ലാഭം കൂട്ടാതെയാണ് ഈ നികുതി വരുമാനം. 2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54കോടി രൂപയും ബെവ്‌കോയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശ രേഖ പറയുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിലെ കണക്ക് ലഭ്യമല്ലെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടി.
വിവരാവകാശപ്രകാരം ലഭിച്ച അഞ്ച് വർഷത്തെ നികുതി വരുമാനം ഇങ്ങനെയാണ് (കോടിയിൽ)
2011-12 – 4740.73
2012-13 – 5391.48
ട2013-14 – 5830.12
2014-15 – 6685.84
2015-16 – 8122.41
2016-17 – 8571.49
2017-18 – 8869.96
2018-19 – 9615.54
2019-20 – 10332.39
2020-21 – 9156.75
കേരളത്തിൽ അഞ്ച് കൊല്ലത്തിനിടെ ബെവ്‌കോ വഴി വിറ്റ മദ്യത്തിൻറ കണക്കും പുറത്തുവന്നിട്ടുണ്ട്. 2016 മെയ് മുതൽ 2021 മെയ് വരെ സംസ്ഥാനത്ത് വിറ്റ മദ്യം 94 കോടി (ശരിക്കും കണക്ക് 94,22,54,386) ലിറ്ററാണ്. ബിയറിലേക്ക് വന്നാൽ ഇത് 42 കോടി ലിറ്റർ വരും (ശരിക്കും കണക്ക് 42,23,86,768.08 ലിറ്റർ). വൈനിലേക്ക് വന്നാൽ 5.57 ലക്ഷം ലിറ്ററാണ് അഞ്ച് കൊല്ലത്തിൽ മലയാളി ബെവ്‌കോ വഴി വാങ്ങിയത് (ശരിക്കും കണക്ക് 55,57,065.53 ലിറ്റർ)

















