ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം നികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് 40,000 കോടിയുടെ നികുതിവെട്ടിപ്പ്. ജി.എസ്.ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 5700 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 40,000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു.വ്യാജ ഇന്‍വോയിസുകളും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകളും ഉപയോഗിച്ചാണ് ജി.എസ്.ടിയില്‍ വ്യാപക തട്ടിപ്പ് നടത്തിയത്.
പരോക്ഷ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് ജി.എസ്.ടി ഇന്‍റലിജന്‍സ് വകുപ്പുമായി ചേര്‍ന്നാണ് റെയ്ഡുകള്‍ നടത്തിയത്. രാജ്യത്തെ ഈസ് ഓഫ് ഡുയിങ് സാഹചര്യത്തിന് ക്ഷതമേല്‍ക്കാത്ത തരത്തിലാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ നികുതി സമ്ബ്രദായത്തിലെ തട്ടിപ്പുകള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ നികുതി വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നികുതിവെട്ടിപ്പ് കണ്ടെത്താനായത്. ഇതിന് പുറമേ നികുതിവെട്ടിപ്പുകള്‍ കുറക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്‍റെ നിര്‍ദേശപ്രകാരം സി.ജി.എസ്.ടി ആക്‌ട് 2017ല്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ജനുവരി ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരികയാണ്.
















