ന്യൂഡൽഹി;രാജ്യത്താകെ ഒമിക്രോൺ കേസുകൾ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഡൽഹിയിലും മുംബൈയിലുമാണ് ഒമിക്രോൺ വ്യാപനം കൂടുതൽ. മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായതോടെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. വിവാഹങ്ങൾക്ക് 50 പേരെ മാത്രം അനുവദിക്കും.
ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ മരണം ഇന്നലെ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. പിംപ്രി-ചിന്ച്ച്വാദിലാണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഒമിക്രോൺ വ്യാപന തോത് കൂടിയതാണ് കൊവിഡ് കേസുകൾ ഉയരാൻ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.ദില്ലിക്കും ഏഴ് സംസ്ഥാനങ്ങൾക്കും വീണ്ടും ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണമേർപ്പെടുത്തി.
















