തെന്നിന്ത്യയാകെ ‘മിന്നല്‍ മുരളി’ തരംഗത്തിലാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ വന്ന ‘മിന്നല്‍ മുരളി’ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്കാണ് ടൊവിനോയെ എത്തിച്ചത്. ‘മിന്നൽ മുരളി’യിൽ ഐശ്വര്യ ലക്ഷ്മി ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മളാരും പ്രതീക്ഷിക്കാത്ത റോളിൽ ഐശ്വര്യ ചിത്രത്തിൻ്റെ ഭാഗമായിട്ടുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ആ രഹസ്യ വിവരം പുറത്തുവിട്ടത്.
ഡബ്ബിങ് ആർട്ടിസ്റ്റായാണ് ഐശ്വര്യയുടെ കാമിയോ റോൾ. ചിത്രത്തിലെ നായികമാർക്കൊന്നുമല്ല ഒരൊറ്റ സീനിൽ വന്നു പോകുന്ന സ്കൂൾ വിദ്യാർത്ഥിയുടെ ശബ്ദമായാണ് താരം എത്തുന്നത്. ജോസ്മോൻ്റെ ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്കായി. ക്ലാസ്സിൽ ടീച്ചർ മിന്നലിനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെ “ടീച്ചറെ അപ്പൊ മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ” എന്നൊരു പെൺകുട്ടി ചോദിക്കുന്നുണ്ട്. ആ കുട്ടിയുടെ ശബ്ദത്തിനാണ് ഐശ്വര്യ ഡബ്ബ് ചെയ്തത്.
സിനിമ ഇറങ്ങിയതിന് പിന്നാലെ ബേസില്‍ ഒളിപ്പിച്ചു വെച്ച പല ബ്രില്യന്‍സുകളും പ്രേക്ഷകര്‍ കണ്ടത്തിയിരുന്നു. ജെയ്‌സൻ്റെ വളര്‍ത്തച്ഛനായ വര്‍ക്കിക്ക് ശബ്ദം നല്‍കിയത് നടന്‍ ഹരീഷ് പേരടിയാണെന്നുള്ള വിവരമൊക്കെ വൈകിയാണ് പലരും തിരിച്ചറിഞ്ഞത്. ചിത്രത്തിൻ്റെ മുക്കും മൂലയും അരിച്ചുപെറുക്കി ബ്രില്യന്‍സിൻ്റെ പൊട്ടും പൊടിയും കണ്ടെത്തിയ പ്രേക്ഷകരുടെ കണ്ണില്‍ പെടാത്ത ഒരു രഹസ്യമാണ് ബേസില്‍ ഇപ്പോൾ പുറത്തു വിട്ടത്.
ഐശ്വര്യ ഡബ്ബ് ചെയ്യുന്നതിൻ്റെ വിഡിയോ ബേസിൽ പങ്കുവയ്ക്കുകയായിരുന്നു. ഐശ്വര്യ ലക്ഷ്മിയുടെ മിന്നൽ ഡബ്ബിങ് കാമിയോ എന്നാണ് ബേസിൽ കുറിച്ചത്. എന്തായാലും ബേസിൽ പങ്കുവെച്ച വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതൊരു വമ്പൻ സർപ്രൈസ് ആയിരുന്നു എന്നാണ് ആരാധകർ കുറിക്കുന്നത്.
















