തിരുവനന്തപുരം: തിരുവനന്തപുരം പേട്ട കൊലപാതകത്തില്‍ പ്രതിയായ സൈമണ്‍ ലാലിൻ്റെ മൊഴി കളവെന്ന് പോലീസ്. അനീഷിനെ പ്രതി തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി വഴങ്ങിയില്ലെന്നും പോലീസ് വ്യക്തമാക്കി. അനീഷിനെ വിളിച്ചുവരുത്തിയാണ് സൈമണ്‍ ആക്രമിച്ചതെന്ന് മാതാപിതാക്കളും ആരോപിച്ചു
നടന്നത് ആസൂത്രിത കൊലപാതകമെന്ന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജിൻ്റെ മാതാപിതാക്കള്‍ ആരോപിച്ചു. പുലര്‍ച്ചെ അനീഷിൻ്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു. ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് വന്നുപറയുമ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിൻ്റെ മാതാപിതാക്കളായ ജോര്‍ജും ഡോളിയും പറഞ്ഞു.
പ്രതിയായ സൈണ്‍ ലാലന്‍ കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ വിളിക്കുമായിരുന്നു. മുമ്പ് സൈമണിൻ്റെ വീട്ടിലെ കുടുംബവഴക്കില്‍ അനീഷ് ഇടപെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് അനീഷിൻ്റെ മാതാപിതാക്കള്‍ സൂചിപ്പിച്ചു.

















