ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. വെള്ളിയാഴ്ച പുലർച്ചെ മുതലേ തീർഥാടകർക്ക് ദർശനത്തിന് അനുമതിയുള്ളൂ.ജനുവരി 14 നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരമുണ്ടാകും.
ഒരു ഇടവേളയ്‌ക്ക് ശേഷമാണ് കാനന പാതയിലൂടെ വീണ്ടും തീർത്ഥാടകർക്ക് സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. ഇതിനാവശ്യമായ സൗകര്യം ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്. ഇന്ന് എ.ഡി.എം അർജ്ജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കാനന പാതയിൽ പരിശോധന നടത്തും.
കാനന പാതിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. കോഴിക്കാൽക്കടവിൽ നിന്ന് പുലർച്ചെ 5.30നും 10.30നും ഇടയിൽ മാത്രമേ കാനനപാതയിലേയ്‌ക്ക് തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും, മുക്കുഴിയിലും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പ്രവേശനം നൽകുക.

















