കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി.എൻ. അനിൽ കുമാർ രാജിവച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണ ആണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്.
വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നതടക്കം വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിക്കുന്നത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്നാണ് ആവശ്യം. ഇക്കാര്യം നാളെ കോടതി പരിഗണിക്കും.

















