തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിന്‍വലിച്ചത്. ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി. നിരക്കു വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ യോഗത്തിലാണ് തീരുമാനം.
ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിൻ്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അത് എങ്ങനെ വേണം എന്നതില്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റിക്കു നിര്‍ദേശം നല്‍കും. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
അത്തരക്കാർക്കെതിരെ ലൈസൻസ് റദ് ചെയ്യുന്നതടക്കം നടത്താൻ നിയമ ഭേദഗതി ആലോചിക്കും. ഇ ഓട്ടോയ്ക്ക് പെർമിറ്റ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.

















