കൊല്ലം: വടക്കന്‍ പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യുവതി വീട്ടിൽ പൊള്ളലേറ്റ് മരിച്ചത്. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദൻ്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. യുവതിയുടെ സഹോദരിയെ കാണാനില്ല. ആരാണു മരിച്ചതെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പെൺകുട്ടികളുടെ അമ്മ നൽകിയ മൊഴി പ്രകാരം മൂത്ത മകൾ വിസ്മയയാണ് മരിച്ചത്. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ലോക്കറ്റ് തിരിച്ചറിഞ്ഞാണ് അമ്മ മൊഴി നൽകിയത്. എന്നാൽ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ മരിച്ചത് ആരെന്ന കാര്യം വ്യക്തമാകൂ.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചത്. ശിവാനന്ദനും ഭാര്യയും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. പോലീസും ഫയര്‍ഫോഴ്സുമെത്തിയപ്പോള്‍ വീടിൻ്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. വീടിൻ്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. കത്തിയ മുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞ നിലയിലായിരുന്നു. മുറിയുടെ വാതില്‍ കട്ടിളയില്‍ രക്തം കെട്ടികിടപ്പുണ്ട്. ശിവാനന്ദന്‍, ഭാര്യ ജിജി, മക്കളായ വിസ്മയ, ജിത്തു എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്.

















