തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. പാതയുടെ പരിപാലന ചെലവ് ഉയര്‍ന്നത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടത് 271 കോടിയാണ്. സമ്പൂര്‍ണ ഹരിത പദ്ധതിയെന്നവകാശപ്പെടുന്ന സില്‍വര്‍ ലൈനിനായി സ്വകാര്യ കമ്പനിയില്‍ നിന്ന് സൗരോര്‍ജം വാങ്ങുമെന്നും പദ്ധതിയുടെ ഡിപിആര്‍ പറയുന്നു. കെ റെയിൽ പദ്ധതിയുടെ എക്സിക്യൂട്ടീവ് സമ്മറിയില്‍ പദ്ധതി നടത്തിപ്പ് ചെലവ് വിശദമാക്കുന്നുണ്ട്. ആദ്യത്തെ പത്തുവര്‍ഷക്കാലം അറ്റകുറ്റപ്പണിക്ക് 542 കോടി വീതം ചെലവാകും.
പതിനൊന്നാം വര്‍ഷം മുതല്‍ പ്രതിവര്‍ഷം 694 കോടിരൂപ അറ്റകുറ്റപ്പണിക്ക് വേണ്ടിവരും. 3384 കമ്പനി ജീവനക്കാരും 1516 പുറംകരാര്‍ ജീവനക്കാരും സില്‍വര്‍ ലൈനിന് ഉണ്ടാവും. കമ്പനി ജീവനക്കാരുടെ ശരാശരി വാര്‍ഷികശമ്പളം എട്ടുലക്ഷം രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2026 മുതല്‍ ശമ്പളത്തില്‍ എട്ടുശതമാനം വീതം വര്‍ധനയുമുണ്ടാകും. 271 കോടി രൂപ ശമ്പളം നല്‍കാന്‍ വേണം. ഇന്ധനമായി ഉപയോഗിക്കുന്ന സൗരോർജം വാങ്ങാനും കോടികളുടെ ചെലവുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
പാലം കടന്നുപോകുന്നതിൽ ഭൂരിഭാഗം പ്രദേശങ്ങളും പാടങ്ങളാണെന്ന് പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. പാടശേഖരങ്ങളിലും, കൃഷിയിലും ഇത് ചെറിയ മാറ്റം വരുത്തും. കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനം കുറയുന്നതിനും കെ റെയിൽ പദ്ധതി ഇടയാക്കും. ഒപ്പം ഭൂമിയുടെ സ്വഭാവത്തിൽ ചെറിയ മാറ്റം സഭവിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പദ്ധതിയുടെ ഗുണങ്ങൾക്കാണ് റിപ്പോർട്ടിൽ ഊന്നൽ നൽകിയിരിക്കുന്നത്.
സ്വകാര്യ കമ്പനിയില്‍ നിന്നും കെഎസ്ഇബിയില്‍ നിന്നുമായി വൈദ്യുതി വാങ്ങാനാണ് പദ്ധതി. ആവശ്യമുള്ള സൗരോര്‍ജത്തിന്‍റെ പകുതി സ്വകാര്യകമ്പനിയില്‍ നിന്ന് യൂണിറ്റിന് മൂന്നര രൂപ നിരക്കില്‍ വാങ്ങും. അവശേഷിക്കുന്ന 50 ശതമാനം സൗരോര്‍ജം സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങി പവര്‍ഗ്രിഡ് വഴി എത്തിക്കും. വില യൂണിറ്റിന് 5 രൂപ 76 പൈസ. ഇതില്‍ 4 രൂപ 76 പൈസക്ക് വാര്‍ഷിക വര്‍ധനയുണ്ടാവില്ല. അവശേഷിക്കുന്ന ഒരു രൂപയില്‍ വര്‍ഷം അഞ്ച് ശതമാനം വീതം വര്‍ധനവരും. കെഎസ്ഇബിയില്‍ നിന്ന് യൂണിറ്റിന് ആറര രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഇതിന്‍റെ വില വര്‍ഷം മൂന്നുശതമാനം വീതം കൂടുമെന്നും ഡിപിആര്‍ വ്യക്തമാക്കുന്നു.

















